കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കും: മുഖ്യമന്ത്രി

*നോ ടു ഡ്രഗ്സ്  ലഹരിവിരുദ്ധ ക്യാമ്പയിനു തുടക്കമായി

 

കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തോടെ സർക്കാർ ആരംഭിക്കുന്ന ‘നോ ടു  ഡ്രഗ്സ്’  ലഹരി വിരുദ്ധ ക്യാംപെയിനിൽ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനംചെയ്തു. ‘നോ ടു ഡ്രഗ്സ്’ ക്യാംപെയിനിന്റെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി ഓൺലൈനായാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.

ചായ കുടിച്ചും കുടവയർ കുറയ്ക്കാം!

കേരളത്തിന്റെ മുഖ്യമന്ത്രിയെന്നതിനെക്കാൾ കുഞ്ഞുങ്ങളോട് അവരുടെ ഒരു മുത്തച്ഛൻ എന്ന നിലയിലും അവരുടെ രക്ഷകർത്താക്കളോട് മുതിർന്ന ഒരു സഹോദരനെന്ന നിലയിലുമാണു സംസാരിക്കുന്നതെന്ന ആമുഖത്തോടെയാണു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. സ്നേഹനിർഭരവും ആരോഗ്യമുള്ളതുമായ തലമുറയെ കാണണമെന്ന മുതിർന്നവരുടെ ആഗ്രഹത്തെ തകർത്തുകളയുന്ന വിപത്താണു മയക്കുമരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ നിന്നു കുഞ്ഞുങ്ങളെ രക്ഷിക്കാനാകുന്നില്ലെങ്കിൽ വരും തലമുറകളാകെ എന്നേക്കുമായി തകരും. സർവനാശം ഒഴിവാക്കാൻ ഒരു നിമിഷം പോലും വൈകാതെ ജാഗ്രതയോടെ ഇടപെടണം.

രേഖകളെല്ലാം ഇനി ഡിജിറ്റലായി സൂക്ഷിക്കാം എ.ബി.സി.ഡിക്ക് തുടക്കം

മയക്കുമരുന്ന് വ്യക്തിയേയും കുടുംബത്തേയും കുടുംബ, സാമൂഹ്യ ബന്ധങ്ങളേയും അതുവഴി നാടിനെയും തകർക്കുന്നു. അതു മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു. മനുഷ്യനു സങ്കൽപ്പിക്കാൻപോലും കഴിയാത്ത ഹീനമായ കുറ്റകൃത്യങ്ങൾ ഇതിന്റെ ഫലമായി സമൂഹത്തിൽ നടക്കുന്നു. ബോധാവസ്ഥയിൽ ഒരാളും ചെയ്യാത്ത അതിക്രൂര അധമകൃത്യങ്ങൾ മയക്കുമരുന്നുണ്ടാക്കുന്ന മനോവിഭ്രാന്തിയിൽ അവർ ചെയ്യുന്നു. സ്വയം ഭാരമാവുന്ന, കുടുംബത്തിനും സമൂഹത്തിനും ഭാരമാവുന്ന, എല്ലാവരാലും വെറുക്കപ്പെടുന്ന, സ്വയം നശീകരിക്കാൻ വ്യഗ്രതകാട്ടുന്ന മനോവിഭ്രാന്തിയുടെ അവസ്ഥയിലേക്കാണു മയക്കുമരുന്നു നയിക്കുന്നത്. നാശം വിതയ്ക്കുന്ന ഈ മഹാവിപത്തിന് ഒരാളെപ്പോലും ഇനി വിട്ടുകൊടുക്കാനാവില്ല. പെട്ടുപോയവരെ എന്തു വിലകൊടുത്തും ഏതുവിധേനയും മോചിപ്പിച്ചെടുക്കുകയും വേണം. നാടിനെ, സമൂഹത്തെ രക്ഷിക്കാൻ ഇതല്ലാതെ വേറെ മാർഗ്ഗമില്ല. ഈ തിരിച്ചറിവിന്റെ  അടിസ്ഥാനത്തിലാണ് ‘നോ റ്റു ഡ്രഗ്സ്’ എന്ന അതിവിപുലമായ ജനകീയ ക്യാമ്പയിൻ  സർക്കാർ ആരംഭിക്കുന്നത്.

 

കുഞ്ഞുങ്ങളെയും യുവാക്കളെയും മയക്കുമരുന്നിനു വിട്ടുകൊടുക്കാതിരിക്കുക എന്നതാണ് ഈ പ്രചാരണ പരിപാടിയുടെ മുഖ്യ ലക്ഷ്യം. മയക്കുമരുന്ന് എത്തിക്കുന്നവർ കുട്ടികളെയാണു പ്രധാന ലക്ഷ്യമാക്കുന്നത്. ആദ്യം ഒരു കുട്ടിയെ പിടിക്കുക, പിന്നീട് ആ കുട്ടിയിലൂടെ കുട്ടികളിലേക്കാകെ കടന്നു ചെല്ലുക. അവരെ മയക്കുമരുന്നിന്റെ കാരിയർമാരാക്കുക. ഈ തന്ത്രമാണവർ ഉപയോഗിക്കുന്നത്. കുഞ്ഞുങ്ങൾ ഈ സ്വാധീനവലയത്തിൽപ്പെടാതെ നോക്കാൻ കഴിയണം. കുഞ്ഞുങ്ങളിലേക്ക് ഇവർ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ലഹരിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി രൂപം നൽകിയ ലഹരിവർജ്ജന മിഷനായ വിമുക്തിയുടെയടക്കം പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരുമ്പോൾത്തന്നെയാണ് ഈ ക്യാമ്പയിൻ. ഒന്നു നിർത്തി മറ്റൊന്നു തുടങ്ങുകയല്ല. എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണു ചെയ്യുന്നത്.

 

ജനമൈത്രി, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്സ്, ഗ്രീൻ കാമ്പസ് ഡ്രീം കാമ്പസ് എന്നിവ വഴി പോലീസിന്റെ നേതൃത്വത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി നേർവഴിയിലേക്ക് കൊണ്ടുവരുന്നതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ‘യോദ്ധ’ എന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നുണ്ട്. നിലവിലുള്ള പദ്ധതികൾ ശക്തിപ്പെടുത്തിക്കൊണ്ടുതന്നെ പുതിയ ക്യാമ്പയിൻ മുമ്പോട്ടു കൊണ്ടുപോവുകയും കേരളത്തെ മയക്കുമരുന്നുമുക്ത സംസ്ഥാനമാക്കി മാറ്റുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇതു നമുക്ക് വിജയിപ്പിച്ചേ തീരൂ. അസാധ്യമെന്നു പലരും കരുതുന്നുണ്ടാവും. എന്നാൽ നമ്മൾ ഇതു സാധ്യമാക്കുക തന്നെ ചെയ്യും.

 

മയക്കുമരുന്ന് ഉപയോഗത്തിനെതിരേ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വാർഡുകളിലും കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. ഓരോ വാർഡിലെയും സാമൂഹിക- സാംസ്‌കാരിക പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, അംഗൻവാടി, ആശാപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിയാണു കമ്മിറ്റികൾ രൂപീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ 19,391 വാർഡ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 14 ജില്ലകളിലും ഡി-അഡിക്ഷൻ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാലയങ്ങളിൽ  പി.ടി.എ. സഹകരണത്തോടെ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു വരികയാണ്. വിദ്യാർഥികളെ ലഹരി ഉപയോഗിക്കുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നതിനായി സ്‌കൂളുകളിൽ   ‘ഉണർവ്’ എന്ന പേരിലും കോളേജ് ക്യാമ്പസുകളിൽ  ‘നേർക്കൂട്ടം’ എന്ന പേരിലും കോളേജ് ഹോസ്റ്റലുകളിൽ  ‘ശ്രദ്ധ’ എന്ന പേരിലും കൂട്ടായ്മകൾ രൂപീകരിച്ചിട്ടുണ്ട്.

 

വിദ്യാലയങ്ങളോടു ചേർന്നുള്ള ചില കടകളിലാണു മയക്കുമരുന്നു വിപണനം നടന്നിരുന്നത്. ഇതു പുറത്തു വന്നതോടെ, കടകളെ ഒഴിവാക്കി കുട്ടികളെത്തന്നെ കാരിയറാക്കുന്ന നിലയുമുണ്ട്. അദ്ധ്യാപക രക്ഷാകർതൃ സംഘടനകളുടെ, തദ്ദേശഭരണ സമിതികളുടെ, വിദ്യാർത്ഥി സംഘടനകളുടെ ഒക്കെ നിരീക്ഷണം ഈ രംഗങ്ങളിൽ കാര്യമായി ഉണ്ടാവണം. മയക്കുമരുന്നിനു പിന്നിലുള്ള അന്താരാഷ്ട്ര മാഫിയകൾക്കു നമ്മുടെ സംസ്ഥാനത്തു കാലുകുത്താൻ ഇടമുണ്ടാവരുത്. അതുറപ്പാക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. ഇവ രണ്ടും ചേരുന്നതാണ് ‘നോ റ്റു ഡ്രഗ്സ്’ എന്ന നമ്മുടെ ക്യാമ്പയിൻ. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയതലങ്ങളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സമിതികൾ പ്രവർത്തിക്കും. മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശസ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി സഹാദ്ധ്യക്ഷനുമായാണ് മറ്റു മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുള്ളത്. ഈ സമിതി ഇതിനു മേൽനോട്ടം വഹിക്കും.

 

ക്യാംപെയിനിന്റെ ഭാഗമായി നവംബർ ഒന്നുവരെ തീവ്രമായ പ്രചരണ പരിപാടികൾ നടക്കും. ഗ്രാമ നഗര വ്യത്യാസമില്ലാതെ എല്ലായിടങ്ങളിലും, എല്ലാ മനസുകളിലും ‘നോ ടു ഡ്രഗ്സ്’ എന്ന സന്ദേശമെത്തണം. യുവാക്കൾ, വിദ്യാർഥികൾ, മഹിളകൾ, കുടുംബശ്രീ പ്രവർത്തകർ, മതസാമുദായിക സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും ഈ ക്യാമ്പയിനിലുണ്ടാവണം. സിനിമ, സീരിയൽ, സ്പോർട്സ് മേഖലയിലെ പ്രമുഖരുടെ പിന്തുണയും ഉണ്ടാവും. നവംബർ ഒന്നിനു സംസ്ഥാനതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടെ പരമാവധിപ്പേരെ പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കണം.

 

പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കുകയും ബസ് സ്റ്റാൻഡ്, റെയിവേ സ്റ്റേഷൻ, ലൈബ്രറി, ക്ലബ്ബുകൾ, എന്നിവിടങ്ങളിൽ ജനജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കുകയും ചെയ്യും. ലഹരിക്കെതിരായ ഹ്രസ്വ സിനിമകളുടേയും വീഡിയോകളുടേയും സഹായത്തോടെ ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ ക്ലാസും ലഹരി വിപത്ത് ഒഴിവാക്കുന്നതിന് പ്രാദേശികമായി ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച ചർച്ചയും ക്യാമ്പയിന്റെ ഭാഗമായി ഉണ്ടാകും. വിദ്യാർഥികളുടെ നേതൃത്വത്തിൽ റോൾപ്ലേ, സ്‌കിറ്റ്, കവിതാലാപനം, കഥാവായന, പ്രസംഗം, പോസ്റ്റർ രചന, തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കണം. എൻ സി സി, എസ് പി സി, എൻ എസ് എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, വിമുക്തി ക്ലബ്ബുകൾ മുതലായ സംവിധാനങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിക്കൊണ്ടാകും ക്യാമ്പയിൻ.

 

കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ഉൾപ്പെട്ട ‘കരുതൽ’ എന്ന പുസ്തകവും വിദ്യാലയങ്ങൾ ലഹരിമുക്തമാക്കുന്നതിന് ‘കവചം’ എന്ന പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. ഈ പുസ്തകങ്ങളെ അധികരിച്ചുള്ള ചർച്ച എല്ലാമാസവും വിദ്യാലയങ്ങളിൽ സംഘടിപ്പിക്കും. ശ്രദ്ധ, നേർക്കൂട്ടം എന്നിവയുടെ പ്രവർത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും. ഇത്തരം കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകും. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസിക ആരോഗ്യ പ്രശ്നങ്ങൾ, സാമൂഹ്യാഘാതങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പരിശീലനവും ആരംഭിക്കും. വിമുക്തി മിഷനും എസ് സി ഇ ആർ ടിയും ചേർന്ന് തയ്യാറാക്കുന്ന മൊഡ്യൂളുകൾ മാത്രമേ പരിശീലനത്തിനായി ഉപയോഗിക്കുകയുള്ളൂ. വ്യാപാര സ്ഥാപനങ്ങളിൽ ലഹരി പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നില്ല എന്ന ബോർഡ് പ്രദർശിപ്പിക്കണം. ബന്ധപ്പെടേണ്ട പോലീസ് – എക്സൈസ്  ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ, മേൽവിലാസം എന്നിവ ബോർഡിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം പ്രദർശിപ്പിക്കുന്നതിനു പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു. മന്ത്രിമാർ, എം.പി. എം.എൽ.എ  തുടങ്ങിയ ജനപ്രതിനിധികൾ, സംഘടനകൾ വിവിധ കൂട്ടായ്മകളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു.

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: