അനശ്വര പ്രണയത്തിനായ് 7 കാര്യങ്ങൾ
രണ്ടു പേര് പ്രണയത്തിലാകാന്‍ ചിലപ്പോള്‍ കണ്ണ് ചിമ്മുന്ന നേരം മതിയാകും. എന്നാല്‍ പ്രണയം നിലനിര്‍ത്തൽ കണ്ണു ചിമ്മൽ പോലെയല്ല. അതിനായി ചിലപ്പോൾ പങ്കാളികള്‍ കഠിനമായി പ്രയത്നിക്കേണ്ടി വരും. ഒരു പ്രണയം തുടങ്ങി കുറച്ച് നാള് കഴിയുമ്പോൾ അതു ദീര്‍ഘകാലം നിലനില്ക്കാന് സാധ്യതയുണ്ടോ എന്നു ചില ലക്ഷണങ്ങളിലൂടെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് റിലേഷൻഷിപ്പ് വിദഗ്ധർ പറയുന്നു. അവ എന്തെല്ലാമാണെന്നു നോക്കാം.∙
1) വിശ്വാസം
ഏതൊരു ബന്ധത്തിലും വിശ്വാസമാണ് പ്രധാനം. നിങ്ങളെ വിശ്വസിക്കുകയും നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നതുമായ ഒരാളാകണം പങ്കാളി. വൈകാരികവും സാമ്പത്തികവും കുടുംബ സംബന്ധവുമായ കാര്യങ്ങളിൽ പങ്കാളി നിങ്ങളെ വിശ്വസിക്കുന്നുണ്ടോ എന്നു നോക്കാം. തിരിച്ച് ഈ വിശ്വാസം നിങ്ങള്‍ക്ക് പങ്കാളിയോടും തോന്നണം.
ഇന്ത്യക്കാർക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ 10 വിനോദസഞ്ചാര കേന്ദ്രങ്ങൾ!!?
2) ആകര്‍ഷണം
ദീര്‍ഘകാലത്തേക്ക് ഒരു പ്രണയബന്ധം നീണ്ടു നില്ക്കണമെങ്കില് പങ്കാളികള്‍ തമ്മില്‍ പരസ്പരം ലൈംഗികവും ശാരീരികവുമായ ആകര്‍ഷണം തോന്നേണ്ടത് അനിവാര്യമാണ്. പ്രണയം ആരംഭിക്കുമ്പോൾ ഈ അഭിനിവേശം കാണുമെങ്കിലും കുറച്ച് കാലം പിന്നിടുമ്പോൾ ചിലർക്ക് ഈ ആകർഷണം നഷ്ടമാകും. നിങ്ങളുടെ വൈകാരികമായ ആവശ്യങ്ങൾ മനസ്സിലാക്കുകയും നിങ്ങളോട് അഭിനിവേശം പുലര്‍ത്തുന്നവരുമായിരിക്കും നല്ല പങ്കാളി.∙
3) ബഹുമാനം
നിങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോൾ എങ്ങനെയാണ് പങ്കാളി അതു കൈകാര്യം ചെയ്യുന്നതെന്ന് നോക്കാം. പരസ്പരം ബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് വഴക്കടിക്കുന്നതെങ്കില് അതു ദീര്‍ഘകാല ബന്ധത്തെക്കുറിച്ച് സൂചന നല്കുന്ന ലക്ഷണമാണ്.
4) തുറന്ന മനസ്ഥിതി
ചര്‍ച്ചകളോടും മാറ്റങ്ങളോടും പുതിയ ആശയങ്ങളോടും തുറന്ന മനോഭാവം പുലര്‍ത്തുന്ന വ്യക്തികളുമായി ദീര്‍ഘകാല പ്രണയബന്ധത്തിന് സാധ്യത കൂടുതലാണ്. ഇതിനായി നിങ്ങളുടെ മതപരവും സാംസ്കാരികവും കുടുംബപരവുമായ വിശ്വാസങ്ങളോടും മറ്റും പങ്കാളി സഹിഷ്ണുത പുലര്‍ത്തുന്നുണ്ടോ എന്നും ശ്രദ്ധിക്കാം.
ദീർഘനേരം ഇയർഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ മുൻകരുതലുകളെടുക്കണം
5) ആവശ്യങ്ങള്‍ പങ്കുവയ്ക്കൽ
പരസ്പരമുള്ള ആശയവിനിമയം പ്രണയബന്ധത്തില്‍ അതിപ്രധാനമാണ്. തങ്ങളുടെ ആവശ്യങ്ങള്‍ കൃത്യമായി വിനിമയം ചെയ്യാനുള്ള പങ്കാളിയുടെ കഴിവ് നിർണായകമാണ്. അത് പോലെ തന്നെ പ്രധാനമാണ് പരസ്പരം ആവശ്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ്. നിങ്ങളുടെ ബന്ധത്തിലേക്ക് മറ്റുള്ളവരെ വലിച്ചിഴയ്ക്കാതെ ഇരിക്കുന്നതും നല്ല ലക്ഷണമാണ്. അനിഷ്ടങ്ങളും തുറന്ന് പറയാൻ പങ്കാളിക്ക് സാധിക്കുന്നുണ്ടോ എന്നു നോക്കാം.
6) തീരുമാനം എടുക്കുമ്പോൾ
പങ്കാളികൾക്കിടയിൽ ചില കാര്യങ്ങളില്‍ ഒരാളും മറ്റുള്ളവയിൽ അടുത്തയാളും മുൻകൈ എടുത്തെന്നു വരാം. എന്നാല്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോൾ നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വില കൊടുക്കുന്നയാളാണ് പങ്കാളിയെങ്കിൽ ബന്ധം ശക്തമായി നിലനില്ക്കും.
7) ആത്മാർഥത
പ്രണയത്തിൽ ആത്മാർഥതയ്ക്കും സത്യസന്ധതയ്ക്കുമുള്ള പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അഭിപ്രായങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും മാത്രമല്ല വൈകാരികവും സാമ്പത്തികവുമായ കാര്യങ്ങളിലും ആത്മാര്‍ത്ഥത പുലര്‍ത്തുന്നയാളാണോ എന്നു നോക്കാം. ഉദാഹരണത്തിന് അവര്‍ക്ക് വൈകാരികമായി എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ അതു നിങ്ങളില്‍നിന്ന് മറച്ച് വയ്ക്കുന്നത് ബന്ധത്തിന് ദോഷകരമാണ്.