കഥയല്ലിത് ജീവിതം; രാജകുമാരിയുടെ വരനായി കൊട്ടാരം ജീവനക്കാരൻ
ബ്രൂണെ: ബ്രൂണെയ്ക്ക് ആഘോഷമായി സുല്‍ത്താന്‍ ഹസ്സനാല്‍ ബോള്‍ക്കിയയുടെ മകള്‍ ഫദ്‌സില്ല ലുബാബുള്‍ രാജാകുമാരിയുടെ വിവാഹം. ജനുവരി 16ന് ആരംഭിച്ച ഒരാഴ്ച നീണ്ടുനിന്ന വിപുലമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്. ജനുവരി 23നാണ് രാജകുമാരി കാമുകനായ അബ്ദുള്ള നബീൽ അല്‍ ഹാഷ്മിയെ വിവാഹം ചെയ്തത്. ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ് രാജകുമാരി നബീലിനെ വരനായി സ്വീകരിക്കുന്നത്. സുൽത്താന്‍റെ 12 മക്കളിൽ ഒമ്പതാമത്തെയാളാണ് രാജകുമാരി.
സോഷ്യല്‍ മീഡിയയില്‍ താരമായ മതീന്‍ രാജകുമാരനുള്‍പ്പെടെ നാല് മക്കളാണ് സുല്‍ത്താന് ഹാജ മറിയമിലുള്ളത്. സുൽത്താന്റെ ഔദ്യോഗിക വസതിയായ ഇസ്താന നൂറുൽ ഇമാനിൽ വച്ചാണ് വിവാഹം നടന്നത്. ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരങ്ങളിൽ ഒന്നാണിത്, 1,700-ലധികം മുറികളും 5,000 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന വിരുന്നു ഹാളും കൊട്ടാരത്തിലുണ്ട്.
രാജകുടുംബത്തില്‍ തലമുറകളായി കൈമാറി വന്ന ആഭരണങ്ങൾ അണിഞ്ഞുകൊണ്ടാണ് ഫദ്സില്ല വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത്. ലോകത്തെ ഏറ്റവും വലിയ സമ്പന്നരില്‍ 75 ആം സ്ഥാനത്താണ് ബ്രൂണെ സുല്‍ത്താൻ. സുല്‍ത്താന്റെ ആഡംബര വാഹന ശേഖരങ്ങളുടേയും കോടികള്‍ വിലമതിക്കുന്ന കൊട്ടാരത്തിന്റേയും വിശേഷങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. 2008 ലെ കണക്കെടുപ്പു പ്രകാരം സുല്‍ത്താന്റെ ആസ്തി 20 ബില്യണ്‍ ഡോളറാണ്. ഏഴായിരത്തിലധികം കാറുകളും ഇതിലുള്‍പെടുന്നു.
രാജകുമാരിയുടെ പ്രണയം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ സുൽത്താൻ ഹസ്സനൽ ബോൾകിയയുടെ (75) മകൾ ഫദ്‌സില്ലാ ലുബാബുൾ (36) തന്‍റെ വരനെ കണ്ടെത്തിയത് നാടോടിക്കഥപോലെ ഉദ്വേഗജനകമായ സംഭവങ്ങളിലൂടെയാണ്. തന്റെ പിതാവിന്റെ ഓഫീസിലെ ജീവനക്കാരനും സാധാരണക്കാരനായ ബിസിനസുകാരന്റെ മകനുമായ അബ്ദുള്ള നബീൽ അല്‍ ഹാഷ്മിയെയാണ് രാജകുമാരി വിവാഹം കഴിച്ചത്. ആരോഗ്യ പ്രവർത്തകയും കിംഗ്‌സ്റ്റൺ സർവകലാശാലയിൽ നിന്നുള്ള ബിരുദധാരിയുമാണ് രാജകുമാരി.