നീന്തല്‍ പരിശീലനം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം – ബാലാവകാശ കമ്മീഷന്‍

നീന്തല്‍ പരിശീലനം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണം. കുട്ടികള്‍ പുഴകളിലോ തടാകത്തിലോ, കിണറുകളിലോ വീണ് ജീവന്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കുന്നതിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്നു വിലയിരുത്തിയ കമ്മീഷന്‍ ഉപയോഗശുന്യമായ പൊതുകിണറുകള്‍ നികത്താനും പൊതുസ്ഥലത്തെ കിണറുകള്‍ക്ക് ഭിത്തി നിര്‍മ്മിക്കാനും കുളങ്ങള്‍ സുരക്ഷിതമാക്കാനും നടപടി സ്വീകരിക്കാന്‍ റവന്യു വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയാണ് കമ്മീഷന്‍ അംഗം കെ.നസീര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലെ ഉപയോഗശൂന്യമായ പൊതുകിണറുകള്‍ നികത്തുകയും പൊതുകിണറുകള്‍ക്ക് ഭിത്തി നിര്‍മ്മിക്കുകയും ചെയ്യണം. കുളങ്ങള്‍ക്കും മറ്റും കമ്പിവേലിയോ അപകടസാധ്യത ചൂണ്ടിക്കാട്ടിയുള്ള ബോര്‍ഡോ മറ്റ് സുരക്ഷാ മാര്‍ഗ്ഗങ്ങളോ ഉപയോഗിക്കണം. സ്വകാര്യ വ്യക്തികളുടെ കുളങ്ങളും തടാകങ്ങളും സംരക്ഷണ മതിലോ കമ്പിവേലിയോ കെട്ടി സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വം സ്ഥല ഉടമകള്‍ക്കായിരിക്കും.ഇക്കാര്യം പാലിക്കുന്നു എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം.

കോടികൾ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നടിമാർ

വീടുകള്‍ക്കകത്തോ, വീടുമായി ബന്ധപ്പെട്ടോ നിര്‍മ്മിക്കുന്ന നീന്തല്‍ കുളങ്ങള്‍ക്കും ജലസംഭരണികള്‍ക്കും സംരക്ഷണ വേലിയോ അപകടം  ഒഴിവാക്കുന്നതിനാവശ്യമായ മറ്റു സുരക്ഷമാര്‍ഗ്ഗമോ ഏര്‍പ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അന്തിമ പ്ലാന്‍ അംഗീകരിച്ചു നല്‍കുന്നതിന് മുമ്പായി ഇക്കാര്യം ഉറപ്പാക്കണം. ഇതിനാവശ്യമായ വ്യവസ്ഥകള്‍ 2019 ലെ കേരള പഞ്ചായത്ത് ബില്‍ഡിംഗ് റൂള്‍സിലും, മുനിസിപ്പാലിറ്റി റൂള്‍സിലും ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാന്‍  തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയും  നഗരകാര്യം, പഞ്ചായത്ത് ഡയറക്ടര്‍മാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ച് ഉത്തരവ് പുറപ്പെടുവിക്കാനും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

വീടിനടുത്തുള്ള പുഴകള്‍, തടാകങ്ങള്‍, കിണറുകള്‍, കുളങ്ങള്‍ എന്നിവയില്‍ കുട്ടികള്‍  അപകടത്തില്‍പെടുന്നതും ജീവന്‍ നഷ്ടപ്പെടുന്നതും വര്‍ധിച്ചു വരുന്നു. കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷയും സംരക്ഷണവും എല്ലാ മേഖലയിലും ഉറപ്പാക്കേണ്ടത് ആവശ്യമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നമ്മുടെ കുട്ടികളെ സുരക്ഷിതരാക്കാന്‍ വേണ്ട മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട്  കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടത്തുന്ന ദേശീയ ബോധവല്‍ക്കരണ  ക്യാമ്പയിനായ രക്ഷക് പദ്ധതിയുടെ കേരള സ്റ്റേറ്റ് അംബാസഡര്‍ അമല്‍ സജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ്  കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: