റേഷൻ കടകൾ നാളെ മുതൽ പൂർണ തോതിൽ പ്രവർത്തിക്കും

കേരളത്തിൽ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. ജനുവരി 27 മുതൽ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ടു മൂന്നു മുതൽ 6.30 വരെയും പ്രവർത്തിക്കുമെന്നു ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

റേഷൻ കടകളുടെ പ്രവർത്തന സമയം പകുതി ജില്ലകൾ വീതം ക്രമീകരിച്ചിരുന്നെങ്കിലും റേഷൻ വിതരണത്തെ ഇത് ഒരു തരത്തിലും ബാധിച്ചില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഈ മാസം ജനുവരി 25 വരെ 50,62,323 പേർ (55.13 ശതമാനം) റേഷൻ കൈപ്പറ്റി. ഇന്നലെ മാത്രം വൈകിട്ട് 6.30 വരെ 4,46,440 പേർ റേഷൻ വാങ്ങി. കഴിഞ്ഞ മാസം 25 വരെ 52 ശതമാനം കാർഡ് ഉടമകളാണു റേഷൻ കൈപ്പറ്റിയിരുന്നത്.

റേഷൻ സമയം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു മന്ത്രിയുടെ അധ്യക്ഷതയിൽ ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടേയും സാങ്കേതിക വിദഗ്ധരുടേയും യോഗം ഓൺലൈനായി ചേർന്നു. റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾക്കു നിലവിൽ യാതൊരു തകരാറുകളും ഇല്ലെന്നും റേഷൻ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന സമയ ക്രമീകരണം തുടരേണ്ടതില്ലെന്നും യോഗത്തിൽ സാങ്കേതിക വിദഗ്ധർ അഭിപ്രായപ്പെട്ടു.

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: