അല്ലു അർജുൻ ചിത്രം ‘പുഷ്പ ദ റൂൾ’ന്റെ റിലീസ് തീയതി വീണ്ടും മാറ്റി
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്ജ്ജുന് ചിത്രമാണ് ‘പുഷ്പ ദ റൂൾ’. ആദ്യ ഭാഗം തീയേറ്ററുകളിൽ തീർത്ത വിജയം രണ്ടാം ഭാഗവും നേടുമെന്നാണ് അണിയറ പ്രവത്തകർ കരുതുന്നത്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റാണ് ഇപ്പൊ പുറത്ത് വരുന്നത്. മുൻപ് തീരുമാനിച്ചിരുന്നതിലും മുൻപെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിചിരിക്കുന്നത്. നേരത്തെ ഡിസംബർ ആറിന് റിലീസ് ചെയ്യാൻ ഉദ്ദേശിച്ച ചിത്രം ഡിസംബർ 5ലേക്ക് മാറ്റിയിരിക്കുകയാണ്.
2021 ഡിസംബറിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. പുഷ്പയിലെ മാസ് ഡയലോഗുകളും ഗാനങ്ങളും ഇന്ത്യ ഉടനീളമുള്ള സിനിമാപ്രേമികൾ ആഘോഷമാക്കിയിരുന്നു. നടൻ ഫഹദ് ഫാസിലും പുഷ്പയിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ചിത്രം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു.
മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുൻ ചിത്രമെന്ന നിലയിലും, ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകർക്കുള്ള പ്രതീക്ഷ വാനോളമാണ്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാർ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്സും ചേർന്നാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകംതന്നെ തരംഗമായിക്കഴിഞ്ഞു.
ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രാഹകൻ: മിറെസ്ലോ കുബ ബ്രോസെക്, സംഘട്ടനം: പീറ്റർ ഹെയ്ൻ, കേച്ച കംഫാക്ഡീ, ഡ്രാഗൺ പ്രകാശ്, നബകാന്ത, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, ഗാനരചന: സിജു തുറവൂർ, എഡിറ്റർ: നവിൻ നൂലി, വിഎഫ്എക്സ് സൂപ്പർവൈസർ: കമല കണ്ണൻ, വസ്ത്രാലങ്കാരം: ദീപാലി നൂർ, ശീതൾ ശർമ്മ, നൃത്തസംവിധാനം: പ്രേം രക്ഷിത്, ഗണേശ് ആചാര്യ, വിജയ് പോലാക്കി, സൃഷ്ടി വർമ, ക്യാരക്ടർ ഡിസൈനർ: പ്രീതി ശീൽ സിങ്, സിഎഫ്ഒ: സി.എച്ച്. നാഗഭൂഷണം.