മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് ദേശീയ അംഗീകാരം
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി (സിഎംഇഡിപി) വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന് (കെഎഫ്സി) 2022 ലെ സ്കോച്ച് ദേശീയ അവാർഡ്. ദേശീയതലത്തിൽ ഡിജിറ്റൽ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ മികച്ച ശ്രമങ്ങൾക്ക് നൽകുന്ന അംഗീകാരമാണിത്.
സംരംഭക അഭിരുചിയുള്ള തൊഴിൽരഹിതർക്ക് സംരംഭങ്ങൾ സ്ഥാപിക്കാൻ അഞ്ച് ശതമാനം പലിശ നിരക്കിൽ ഒരു കോടി രൂപ വരെ ലളിത വ്യവസ്ഥകളിൽ വായ്പ നൽകുന്ന പദ്ധതിയാണ് സിഎംഇഡിപി. ഇതു മുഖേന ഇതുവരെ 1894 ലധികം യൂണിറ്റുകൾ സ്ഥാപിക്കുകയും 158 കോടി രൂപ വായ്പ അനുവദിക്കുകയും ചെയ്തു. സംരംഭകർക്ക് അഞ്ച് ശതമാനം പലിശയ്ക്ക് രണ്ടു കോടി രൂപ വരെയുള്ള വായ്പ ഉടനടി ലഭ്യമാകും. ഓരോ വർഷവും 500 പുതിയ സംരംഭങ്ങൾ എന്ന കണക്കിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2500 സംരംഭങ്ങൾ തുടങ്ങാൻ ലക്ഷ്യമിട്ടിട്ടുണ്ട്. അതിനായി ഈ വർഷം സിഎംഇഡിപി വഴി 500 കോടി രൂപ അനുവദിക്കും.