സൂപ്പർ ടേയ്സ്റ്റിൽ ക്രിസ്പി ഗോതമ്പ് ദോശ!
ബ്രേക് ഫാസ്റ്റിനായി ഗോതമ്പുപൊടി കൊണ്ട് എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന വിഭവമാണ് ഗോതമ്പുദോശ. സാധാരണരീതിയിൽ ഗോതമ്പുപൊടി കലക്കി തയാറാക്കുന്ന ദോശ എളുപ്പത്തിൽ സോഫ്റ്റ് ആവും. അൽപം ഉഴുന്നു കൂടി ചേർത്ത് മാവ് പുളിപ്പിച്ച് എടുത്താൽ നല്ല മൊരിഞ്ഞ ദോശ ചുട്ടെടുക്കാം. രുചിയും ഗുണവും കൂടുകയും ചെയ്യും.
ആവശ്യമായ ചേരുവകൾ:
1) ഉഴുന്ന് – അര കപ്പ്
2) ഗോതമ്പു പൊടി – ഒന്നര കപ്പ്
3) അവൽ – കാൽ കപ്പ്
4) ഉപ്പ് – ആവശ്യത്തിന്
പാകംചെയ്യുന്ന വിധം:
ഉഴുന്ന് നന്നായി കഴുകി ഒരു മണിക്കൂർ കുതിർത്തു വയ്ക്കുക. മിക്സിയിൽ അരയ്ക്കുന്നതിന് 15 മിനിറ്റ് മുൻപ് അവലും കുതിർത്തു വയ്ക്കുക. ഉഴുന്ന് നല്ല മയത്തിൽ അരച്ചെടുക്കുക. ഉഴുന്ന് അരച്ച ജാറിൽ തന്നെ ആദ്യം അൽപ്പം വെള്ളമൊഴിച്ച് ഗോതമ്പുപൊടിയും അവലും ചേർക്കുക. തവികൊണ്ട് നന്നായി യോജിപ്പിച്ചതിന് ശേഷം അരച്ചെടുക്കുക. ഉഴുന്നുമാവും ഗോതമ്പുമാവും കൂടി നന്നായി കുഴച്ച് യോജിപ്പിക്കുക. മാവ് പുളിച്ചു പൊങ്ങാൻ വേണ്ടി എട്ടു മണിക്കൂർ മൂടി വയ്ക്കുക. പാകത്തിന് ഉപ്പ് ചേർത്തു നല്ല മൊരിഞ്ഞ സ്വാദേറിയ ദോശ ചുട്ടെടുക്കാം. ദോശക്കല്ല് നന്നായി ചൂടാക്കി തീ കുറച്ച ശേഷം മാത്രമേ ദോശ പരത്താവൂ. കനം കുറച്ചു പരത്തി കഴിഞ്ഞ് ആവശ്യത്തിന് നെയ്യോ, എണ്ണയോ പുരട്ടി തീ കൂട്ടി വയ്ക്കാം. ദോശ നന്നായി മൊരിഞ്ഞു താഴ്ഭാഗം ബ്രൗൺ നിറമായി തുടങ്ങുമ്പോൾ മടക്കി എടുത്ത് ചൂടോടെ കഴിക്കാം. ഈ മാവ് ഉപയോഗിച്ച് നെയ്യ് റോസ്റ്റും മസാലദോശയും തയാറാക്കാം. – Courtesy: Malayala Ruchi, Youtube.