സ്‌കൂള്‍ വാക്സിനേഷന്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകുന്നു

ജില്ലയില്‍ 15 വയസു മുതല്‍ 17 വയസുവരെ പ്രായമുള്ള കുട്ടികളുടെ വാക്സിനേഷനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതാ കുമാരി അറിയിച്ചു. 15 വയസും അതിനു മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്സിന്‍ നല്‍കുന്നത്. ഇവര്‍ 2007ലോ അതിനു മുന്‍പോ ജനിച്ചവരായിരിക്കണം. ഇതിനായി 254 സ്‌കൂളുകളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ജില്ലയില്‍ ഈ വിഭാഗത്തില്‍ ആകെ 48884 പേരാണുള്ളത്. ഇതില്‍ 30818 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്.

15 മുതല്‍ 17 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്സിന്‍ മാത്രമാണ് നല്‍കുക. സ്‌കൂള്‍ അധികൃതര്‍ വിദ്യാലയങ്ങളിലെ വാക്സിനേഷന്‍ മുന്‍കൂട്ടി രക്ഷിതാക്കളെ അറിയിക്കേണ്ടതാണ്. രക്ഷിതാക്കളുടെ സമ്മതത്തോടു കൂടി മാത്രമേ വാക്സിനേഷന്‍ നല്‍കുകയുള്ളു. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വെയ്റ്റിംഗ് ഏരിയ, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിവ സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം എല്ലാ സെഷനുകളും നടത്തേണ്ടത്. സ്‌കൂള്‍ അധികൃതര്‍, ഒരു ദിവസം വാക്സിനേഷന്‍ എടുക്കേണ്ട വിദ്യാര്‍ഥികളുടെ ലിസ്റ്റ് നേരത്തെ തന്നെ തയാറാക്കണം. വാക്സിനേഷന്‍ ദിവസത്തിനു മുന്‍പ് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ഥികളും കോവിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാവരുത്തണം.

വാക്സിന്‍ നല്‍കുമ്പോള്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. പനിയും മറ്റ് അസുഖങ്ങളും ഉള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നതല്ല. വാക്സിനേഷന്‍ മൂലം കുട്ടികള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ കാണുന്നുവെങ്കില്‍ തൊട്ടടുത്ത ആരോഗ്യ സ്ഥാപനങ്ങളില്‍ എത്തിക്കുന്നതിനായി ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: