അവകാശികളില്ലാതെ 21,539 കോടി രൂപ!!
2021 സെപ്റ്റംബറിലെ കണക്കുപ്രകാരം എല്‍.ഐ.സിയില്‍ അവകാശികളില്ലാതെ കിടക്കുന്നത് 21,539 കോടിയിലേറെ രൂപ. പ്രാരംഭ ഓഹരി വില്പനയ്ക്കുള്ള നടപടികളുടെ ഭാഗമായി സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)ക്ക് നല്കിയ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
2019 സാമ്പത്തിക വര്‍ഷത്തില്‍ 13,843.70 കോടി രൂപയായിരുന്നു ഈ തുക. 2020ല്‍ 16,052.65 കോടിയായും 2021ല്‍ 18,495.32 കോടി രൂപയുമായാണ് തുക ഉയര്‍ന്നത്. ക്ലെയിം ചെയ്യാത്ത തുകയും അതിന്റെ പലിശയുമുള്‍പ്പടെയുമുള്ള തുകയാണിത്. രാജ്യത്തെ കോടിക്കണക്കിനുവരുന്ന പോളിസി ഉടമകള്‍ക്ക് അവകാശപ്പെട്ടതാണ് ഈതുക. കാലാവധി പൂര്‍ത്തിയായശേഷം തുക സ്വീകരിക്കാതിരിക്കുകയോ, പോളിസി ഉടമയുടെ മരണശേഷം കുടുംബാംഗങ്ങള്‍ കെയിം അവകാശപ്പെടാതിരിക്കുകയോ ചെയ്യുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
ആയിരം രൂപയോ അതില്‍കൂടുതലോ തുക ക്ലെയിം ചെയ്തിട്ടില്ലെങ്കില്‍ അക്കാര്യം വെബ്സൈറ്റില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രസിദ്ധീകരിക്കണമെന്ന് നിര്‍ദേശമുണ്ട്. 10 വര്‍ഷമായിട്ടും ക്ലെയിം ചെയ്തില്ലെങ്കില്‍ ആതുക മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമനിധിയിലേയ്ക്ക് മാറ്റുകയാണ് ചെയ്യുക.