തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്‌കാനിംഗ് മെഷീനുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദ്ദേശം
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നു സിടി സ്‌കാനിംഗ് മെഷീനുകളും ഒരു എംആർഐ മെഷീനും 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കർശന നിർദേശം നൽകി.
സ്‌കാനിംഗിനുള്ള കാലതാമസം കുറച്ച് പരമാവധി പേർക്ക് സേവനം ലഭ്യമാക്കണം. മാമോഗ്രാം, അത്യാഹിത വിഭാഗത്തിലെ എക്സ്റേ മെഷീൻ എന്നിവയുടെ പ്രവർത്തനം പ്രത്യേകം വിലയിരുത്തി. സ്‌കാനിംഗ് റിപ്പോർട്ടുകൾ സമയബന്ധിതമായി ലഭ്യമാക്കണം.
അത്യാഹിത വിഭാഗം നിരന്തരം വിലയിരുത്തി പോരായ്മകൾ ഉടൻ പരിഹരിക്കാനും ചിട്ടയോടെ പ്രവർത്തിക്കാനും മന്ത്രി നിർദേശം നൽകി. ഐപി രോഗികൾക്ക് സിടി സ്‌കാനിംഗ് പൂർണതോതിൽ ലഭ്യമാകുന്നില്ല എന്ന പരാതിയെ തുടർന്ന് മന്ത്രി നേരിട്ട് സന്ദർശനം നടത്തിയാണ് പരിഹാരം കണ്ടത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെ അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി ഒന്നര മണിക്കൂറോളം ആശുപത്രിയിൽ ചെലവിട്ടു.
എപ്പോഴും ക്ഷീണം തോന്നുന്നുണ്ടോ? ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ!
അത്യാഹിത വിഭാഗത്തിലെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുകയും എക്സ്റേ റൂം, വിവിധ സ്‌കാനിംഗ് യൂണിറ്റുകൾ, കാത്ത് ലാബ് എന്നിവ സന്ദർശിക്കുകയും ചെയ്തു. രോഗികളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തി. പോരായ്മകൾ പരിഹരിക്കാൻ വെള്ളിയാഴ്ച രാവിലെ മെഡിക്കൽ കോളേജ് അധികൃതരുടെ അടിയന്തര യോഗം മന്ത്രിയുടെ ചേമ്പറിൽ വിളിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അനിൽ സുന്ദരം, വിവിധ വകുപ്പ് മേധാവികളായ ഡോ. തോമസ് ഐപ്പ്, ഡോ. വിശ്വനാഥൻ, ഡോ. ജയശ്രീ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സർവ്വം മായം! മീനിലും വെളിച്ചെണ്ണയിലും മായമുണ്ടോ? എങ്ങനെ അറിയും?