സർവ്വം മായം! മീനിലും വെളിച്ചെണ്ണയിലും മായമുണ്ടോ? എങ്ങനെ അറിയും?

ജൂൺ ഏഴ്: കലർപ്പില്ലാത്ത ഭക്ഷണമെന്ന നമ്മുടെയൊക്കെ അവകാശമാണ് ഈ ദിവസത്തെ പ്രധാനമാക്കുന്നത്. സുരക്ഷിതമായ ആഹാരം, മെച്ചപ്പെട്ട ആരോഗ്യം ഇതാണ് ഇത്തവണ ലോകാരോഗ്യസംഘടനയുടെ മുദ്രാവാക്യം.

എങ്ങനെയാണു സുരക്ഷിതമായ ആഹാരമെന്ന് ഉറപ്പാക്കാനാവുക?
പച്ചക്കറികൾ വീട്ടിലുണ്ടാക്കാം. പൊടികൾ മുളകും മല്ലിയുമൊക്കെ വാങ്ങി പൊടിച്ചെടുക്കാം. പക്ഷേ വെളിച്ചെണ്ണയും മീനും മാംസവും തേയിലയുമൊക്കെയോ? എഫ്എസ്എസ്എഐ (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ) ഇതിനായി ചില വഴികൾ പറയുന്നുണ്ട്. പരീക്ഷിച്ചുനോക്കാൻ അൽപം മെനക്കെട്ടാൽ നമുക്കും ഉറപ്പാക്കാം നമ്മുടെ ആഹാരസാധനങ്ങളുടെ സുരക്ഷിതത്വം. മുളകുപൊടിയും മല്ലിപ്പൊടിയുമൊക്കെ വെള്ളത്തിൽ കലക്കി കലങ്ങുകയാണോ അടിയുകയാണോ എന്നുനോക്കാൻ മിക്കവർക്കുമറിയാം. ഇതിൽ ചേർക്കുന്ന ഇഷ്ടികപ്പൊടിയും മരപ്പൊടിയുമൊക്കെ താഴെ അടിയും. മുളകുപൊടിയും മല്ലിപ്പൊടിയും കലങ്ങിക്കിടക്കുകയേയുള്ളൂ. ഒരു കടലാസിൽ ഇവയിട്ട് അൽപം വെള്ളം ചേർക്കുക. നിറം പടരുന്നുണ്ടെങ്കിൽ പ്രശ്നമാണ്. കാരണം യഥാർഥ മുളകുപൊടിയുടെയോ മല്ലിപ്പൊടിയുടെയോ നിറം അങ്ങനെ പടരില്ല. പക്ഷേ വേറെയും ഭക്ഷ്യവസ്തുക്കളിൽ മായത്തിനു സാധ്യതയുണ്ട്. അവ കണ്ടെത്താനും വഴിയുണ്ട്.

മാമ്പഴം പ്രമേഹത്തിന് കാരണമാകുമോ? അറിയണം ഇക്കാര്യങ്ങൾ

വെളിച്ചെണ്ണയിലെ മായം?
വിലക്കൂടുതലായാലും വെളിച്ചെണ്ണ വിട്ടു മറ്റെണ്ണകളെ സ്വീകരിക്കാൻ നമുക്കിപ്പോഴും മടിയാണ്. പക്ഷേ വെളിച്ചെണ്ണയിൽ വിലകുറഞ്ഞ എണ്ണകൾ ചേർക്കുന്നതു വ്യാപകമാണ്. ഇതു കണ്ടെത്താൻ വഴിയുണ്ട്. സുതാര്യമായ ഒരു പാത്രത്തിൽ വെളിച്ചെണ്ണയെടുക്കുക. അരമണിക്കൂർ റഫ്രിജറേറ്ററിൽ വയ്ക്കുക. ഫ്രീസറിൽ വയ്ക്കരുത്. അരമണിക്കൂറിനു ശേഷം എടുത്തുനോക്കിയാൽ യഥാർഥ വെളിച്ചെണ്ണ കട്ടിയായിട്ടുണ്ടാകും. മറ്റ് എണ്ണകൾ കട്ടിയാകുന്ന താപനില വേറെയാണെന്ന ലളിതമായ തത്വമാണിവിടെ പ്രയോഗിക്കുന്നത്.

സിൽവർഫോയിലോ അലുമിനിയം ഫോയിലോ?
ഭക്ഷണം പൊതിഞ്ഞു സൂക്ഷിക്കാനും ചിലപ്പോൾ വീണ്ടും ചൂടാക്കിയെടുക്കാൻ അവ്നുകളിലും മറ്റും നമ്മൾ ഫോയിലുകൾ ഉപയോഗിക്കാറുണ്ട്. ഇതിൽ സിൽവർഫോയിലെന്നു പറഞ്ഞു നമുക്കുകിട്ടുന്നത് ചിലപ്പോൾ അലുമിനിയം ഫോയിലായിരിക്കാം. അലുമിനിയം ഫോയിൽ ആരോഗ്യത്തിനു നല്ലതല്ല. പക്ഷേ എങ്ങനെ കണ്ടെത്തും. അൽപം കീറി കൈയിലെടുത്തു പൊടിച്ചു നോക്കുക. സിൽവർഫോയിലെങ്കിൽ നന്നായി എളുപ്പം പൊടിയും. അലുമിനിയം ഫോയിലാണെങ്കിൽ ചീളുകൾപോലെ പൊടിയുകയേയുള്ളൂ. അൽപം പൊടിച്ച് ഒരു സ്പൂണിലോ മറ്റോ എടുത്ത് തീനാളത്തിനുമേൽകാട്ടി ചൂടാക്കുക. സിൽവർഫോയിലാണെങ്കിൽ തിളങ്ങുന്ന കുമിളകളായി മുഴുവനായി കത്തിത്തീരും. അലുമിനിയം ഫോയിൽ കത്തിത്തീർന്നാൽ ചാരം ബാക്കിയാകും.

കുരുമുളകിലുമുണ്ട് മായം!
കേരളത്തിന്റെ സ്വന്തമാണു കുരുമുളക്. പക്ഷേ ഇപ്പോൾ കിട്ടുന്ന കുരുമുളകിൽ വ്യാജന്മാരുണ്ടു കേട്ടോ. പപ്പായക്കുരു തുടങ്ങിയവയാണു കുരുമുളകിൽ ചേർക്കുക. ഇതറിയാൻ വളരെയെളുപ്പമാണ്. അൽപം വെള്ളത്തിൽ കുരുമുളക് ഇടുക. യഥാർഥ കുരുമുളകുമണികൾ വെള്ളത്തിൽ താഴും. മറ്റുള്ളവ പൊങ്ങിക്കിടക്കുകയും ചെയ്യും.

അനശ്വര പ്രണയത്തിനായ് 7 കാര്യങ്ങൾ

തേയിലയോ അതോ ഏതോ ഇലയോ?
സ്വന്തമായി നമുക്കുണ്ടാക്കാനാവാത്തതും എന്നാൽ മിക്ക വീട്ടിലും നിർബന്ധമായി ആവശ്യമുള്ളതുമാണു തേയില. ഇതിൽ നല്ല തേയിലയേത് എന്ന് കണ്ടെത്തുന്നത് എങ്ങനെയെന്നു മിക്കവർക്കും അറിയില്ല. നല്ല ബ്രാൻഡിന്റെ തേയില നല്ലതെന്ന വിശ്വാസം മാത്രമാണ് നമ്മളെ നയിക്കുന്നത്. പക്ഷേ എല്ലാറ്റിനും ഒരു പരിഹാരമുണ്ട് എന്നാണല്ലോ. ആ പരിഹാരം തേയിലയുടെ കാര്യത്തിൽ ഇങ്ങനെയാണ്…ഫിൽറ്റർ പേപ്പർ വാങ്ങുക. ഇതു മിക്ക സ്റ്റേഷനറി– ബുക് സ്റ്റോറുകളിലും ഇപ്പോൾ കിട്ടും. തേയില അൽപം ഇതിലേക്കിടുക. തുള്ളിതുളളിയായി വെള്ളമൊഴിക്കണം. യഥാർഥ തേയിലയുടെ നിറം തിളച്ചവെള്ളത്തിലോ ചൂടുവെള്ളത്തിലോ മാത്രമേ കലരുകയുള്ളൂ. തേയില വെന്താണു നിറം കലരുക. അതേസമയം, നിറം ചേർത്താൽ അതു വെള്ളത്തിലലിയും. അൽപനേരം കാത്തുനിന്നു നോക്കിയാൽ നിറം കലരുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ, തേയിലല്ല.

നല്ല പെടയ്ക്കണ മീൻ?
ഫോർമാൽഡിഹൈഡ് എന്ന ഓർഗാനിക് ആസിഡിന് ഉപയോഗങ്ങളേറെയാണ്. പക്ഷേ ഇതു ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കരുതെന്നാണു നിയമം. ഫോർമാൽ‍‍ഡിഹൈഡിൽ ജലം ചേർത്താൽ ഫോർമലിനുണ്ടാകും. ഇതു മീനിലും മാംസത്തിലും ചേർക്കുന്നതു കൂടുതൽകാലം ഇരിക്കാനും നിറവ്യത്യാസമുണ്ടാകാതിരിക്കാനുമൊക്കെയാണ്. സത്യത്തിൽ മൃതശരീരങ്ങൾ കേടാകാതെ സൂക്ഷിക്കാനും ലാബുകളിലുമൊക്കെയാണു ഫോർമലിന്റെ ഉപയോഗം. ഇതു കൂടിയ അളവിൽ ശരീരത്തിലെത്തിയാൽ അപകടവുമാണ്. മീനിലെ ഫോർമലിൻ കണ്ടെത്താൻ കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് ഫിഷറീസ് ടെക്നോളജി, സിഫ്റ്റ് പ്രത്യേക കിറ്റ് നിർമിച്ചിട്ടുണ്ട്. ഒരു പേപ്പറും പ്രത്യേകതരും ലായനിയുമാണ് ഇതിലുണ്ടാവുക. പേപ്പർ മീനിന്റെ തൊലിയിൽ ഉരസുക. കൂടെയുള്ള ലായനി പേപ്പറിലേക്കു പടർത്തുക.പേപ്പർ നീലയായാൽ അപകടമാണ്. അമോണിയയോ ഫോർമലിനോ ഉണ്ടെന്നാണ് അതിനർഥം. മഞ്ഞനിറമായാൽ സുരക്ഷിതമെന്ന് ഉറപ്പിക്കാം.

നെറ്റ്‌ഫ്‌ളിക്‌സിലെ ‘രഹസ്യ’ സിനിമകളുടെ കോഡുകൾ?!!

Share with your friends

Leave a Reply

Your email address will not be published. Required fields are marked *

error: