എക്സ്പോ 2020 കേരള പവലിയൻ ഫെബ്രു.4ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
എക്സ്പോ 2020 ലെ കേരള പവലിയൻ മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി 4ന് വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം ചെയ്യും. നിയമ-വ്യവസായ മന്ത്രി പി.രാജീവ്, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.
കേരള പവലിയനിൽ ഫെബ്രുവരി 4 മുതൽ 10 വരെ നടക്കുന്ന ‘കേരള വീക്കി’ൽ വ്യത്യസ്ത പദ്ധതികൾ, നിക്ഷേപ മാർഗങ്ങൾ, ടൂറിസം, ഐടി, സ്റ്റാർട്ടപ്, വൈദഗ്ധ്യം തുടങ്ങിയവ സംബന്ധിച്ച് അവതരണങ്ങളുണ്ടാകും. രാജ്യാന്തര ബിസിനസ് സമൂഹത്തിൽ നിന്നും കേരളത്തിലേക്ക് നിക്ഷേപമാകർഷിക്കുന്നതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. സംസ്ഥാനത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം തനത് പരമ്പരാഗത ശൈലിയിൽ കേരള പവലിയനിൽ അവതരിപ്പിക്കും.
സുപ്രധാന മേഖലകളിലെ നിക്ഷേപത്തിനുള്ള ബിസിനസ് സാധ്യതകളും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, കെ സ്വിഫ്റ്റ് പോർട്ടൽ, എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്റ്റ് തുടങ്ങിയവയിലെ സമീപകാല മാറ്റങ്ങളും സംബന്ധിച്ച കാര്യങ്ങൾ വ്യവസായ വകുപ്പ് പ്രദർശിപ്പിക്കും. പ്രവാസികളുടെ ക്ഷേമ-സാമൂഹികാനുകൂല്യങ്ങളും ബിസിനസ് അവസരങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ നോർക്ക വകുപ്പ് നൽകും. കേരളാടിസ്ഥാനത്തിലുള്ള സ്റ്റാർട്ടപ്പുകളെ യുഎഇയിൽ നിന്നുള്ള നിക്ഷേപകരുമായി ഐടി & സ്റ്റാർട്ടപ് വകുപ്പ് ബന്ധിപ്പിക്കുകയും കേരള സ്റ്റാർട്ടപ്പുകളുടെ വിജയ ഗാഥകൾ പങ്കിടുകയും ചെയ്യും. കാരവൻ ടൂറിസം, ഇക്കോ ടൂറിസം, അഡ്വഞ്ചർ ടൂറിസം തുടങ്ങിയ വിനോദ സഞ്ചാര പദ്ധതികളെയും ടൂറിസവുമായി ബന്ധപ്പെട്ട നിക്ഷേപ-ബിസിനസ് അവസരങ്ങളെയും ടൂറിസം വകുപ്പ് അവതരിപ്പിക്കും.