സംസ്ഥാനത്ത് 175 മദ്യശാലകൾകൂടി തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കാനുള്ള തീരുമാനം പുതിയ മദ്യനയത്തിൽ പ്രഖ്യാപിക്കും. 175 പുതിയ ഔട്ട് ലെറ്റുകൾ തുറക്കണമെന്നാണ് ബെവ്കോ ശുപാർശ. ഐടി പാർക്കുകളിൽ ബിയർ – വൈൻ പാർലറുകള്‍ തുറക്കുന്നതിലും തീരുമാനം വരും.
മദ്യശാലകളിലെ തിരക്കൊഴിവാക്കാൻ കൂടുതൽ ഔട്ട്‌ലെറ്റുകള്‍ തുറക്കുമെന്ന് എക്സൈസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാലത്തിലാണ് 175 ഷോപ്പുകള്‍ പുതുതായി തുറക്കുന്ന കാര്യം സർക്കാർ പരിശോധിക്കുന്നത്. മുൻപ് 375 ഔട്ട്ലെറ്റുകളാണ് ബെവ്ക്കോക്ക് ഉണ്ടായിരുന്നത്. യുഡിഎഫ് സർക്കാരിന്റെ മദ്യനയവും ദേശീയ പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചതും മൂലം 100ലധികം മദ്യശാലകള്‍ അടച്ചിരുന്നു. പലതും മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നാട്ടുകാരുടെ പ്രതിഷേധം കാരണം ഉപേക്ഷിക്കുകയും ചെയ്തു. നിലവിലെ ഔട്ട്‌ലെറ്റുകളിൽ തിരക്കുകൂടുന്ന സാഹചര്യത്തിൽ നല്ല സൗകര്യങ്ങളുള്ള പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള പ്രഖ്യാപനം പുതിയ മദ്യനയത്തിലുണ്ടാകും. പഴങ്ങളിൽ നിന്നും വൈൻ ഉണ്ടാക്കാനുള്ള യൂണിറ്റുകൾ തുറക്കുന്ന കാര്യത്തിലും മദ്യ നയത്തിൽ പ്രഖ്യാപനമുണ്ടാകും.
ആശുപത്രിയിൽ പോകാതെ സൗജന്യ ഒപി ചികിത്സയ്ക്ക് ഇ-സഞ്ജീവനി
സർക്കാർ മേഖലയിൽ തന്നെ കാർഷികോൽപ്പനങ്ങളിൽ നിന്നും വീഞ്ഞ് ഉൽപാദിപ്പിക്കുന്ന പ്രധാന പ്രഖ്യാപനം മദ്യ നയത്തിലുണ്ടാകും. പൈനാപ്പിള്‍, ചക്ക, കശുമാങ്ങ എന്നിവയിൽ നിന്നും വൈൻ ഉൽപ്പാദിക്കാനുള്ള കാർഷിക സർവ്വകലാശാലയുടെ പഠന റിപ്പോർട്ട് സർക്കാർ അംഗീകരിച്ചതാണ്. ഐടി പാർക്കുകളിൽ മദ്യശാലകള്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. ചീഫ് സെക്രട്ടറി തല ശുപാർശകള്‍ പുതിയ മദ്യനയത്തിൽ ഉള്‍പ്പെടുത്തും. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് മാത്രം മദ്യ ലൈസൻസ് നൽകാനുള്ള തീരുമാനത്തിൽ മാറ്റമുണ്ടാകില്ല.
പുതിയ മദ്യനയത്തിലൂടെ ടോഡി ബോർഡ് നിലവിൽ വരും. സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ മുഖച്ഛായതന്നെ മാറ്റുന്ന രീതിയിൽ ടോഡി ബോർഡിന്റെ പ്രവർത്തനങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. എക്സൈസ് കമ്മീഷണർ നൽകുന്ന ശുപാർശ എൽഡിഎഫ് ചർച്ച ചെയ്ത ശേഷം മന്ത്രിസഭ പരിഗണിക്കും. ഏപ്രിൽ ഒന്നു മുതലാണ് പുതിയ മദ്യനയം നിലവിൽ വരേണ്ടത്.